കതാർസിസ്

മരണത്തെ നിഴലായും, യമനായും വശ്യസുന്ദരിയായ മൃത്യുവായും സങ്കല്പിക്കാറുണ്ട്. നിമിഷങ്ങൾ കൊണ്ട് മോക്ഷത്തിലെത്തിക്കുന്ന കരുണാമയനായും കാലങ്ങളോളം ചോരതുപ്പിക്കുന്ന ഒരു പരമ ചെറ്റയായും സങ്കല്പിക്കാറുണ്ട്. ആൺ-പെൺ ഭേദമെന്യേ നാമെല്ലാം ഉള്ളിൽ ധരിക്കുന്ന ഒരു ദിവ്യഗർഭമുണ്ട് അതിനുള്ളിൽ ഉറക്കം നടിക്കുന്ന ഒരു കുഞ്ഞുമുണ്ട് അവനാണ് മരണം. അവനുണരും വരേയ്ക്കും നമുക്ക് വാക്കുകൾ കൊണ്ട് പരസ്പരം കുത്തിനോവിക്കാം.    

മറുക്

കെട്ടിപ്പിടുത്തങ്ങളുടെ ഇറുക്കത്തിലും കൂട്ടിപ്പിടിച്ച വിരലുകൾക്കിടയിലെ വിടവുകളില്ലാത്ത ഞെരുക്കത്തിലും ഉത്ഭവമറിയാതെ ഒഴുകിയെത്തി, സമ്മതമില്ലാതെ ഒന്നായിമാറിയ നമ്മുടെ വിയർപ്പുകളിലും നിന്റെ സമ്മതത്തോടെ, ഞാൻ ഒഴുക്കിയ നിന്റെ ഉപ്പുരസമുള്ള കണ്ണുനീരിലും നമുക്കിടയിലെ ഒത്തുതീർപ്പുകളുടെ കണക്കുകളാണ് പക്ഷെ, എനിക്ക് പിടി തരാതെ പകച്ചു നിൽക്കുന്ന നിന്റെ കവിളിലെ കറുത്ത മറുകില്ലേ ? അതിനോടെനിക്ക് പ്രണയമാണ്.  

പാരിജാതം

  ജന്മാന്തരങ്ങള്‍ അവസാനിക്കുമ്പോള്‍ നമുക്ക് പാരിജാതത്തിന്റെ ചോട്ടില്‍  ഒരിക്കല്‍ക്കൂടി ചെന്നിരിക്കാം കൂവളത്തിന്റെ മണം  നീയെനിക്ക് തരിക, നിത്യഗര്‍ഭം ധരിച്ച മയില്‍‌പ്പീലി ഞാന്‍ നിനക്ക്  നല്‍കാം നമുക്ക് നമ്മുടെ ലൈബ്രറിമുറിയെ ഓര്‍ക്കാം, റോബിന്‍സന്‍ ക്രൂസ്സോയെയും ഉതുപ്പാനെയും ഓര്‍ക്കാം..  നിലാവിനോടൊത്തു നമുക്ക്  ചിരിക്കാം  പിന്നെ തോര്‍ത്തില്‍ കുടുങ്ങിയ മാനത്തുകണ്ണിയെ ഓര്‍ത്ത് കരയാം… ഒടുവില്‍ ചിറ്റയറിയാതെ പറിച്ച പാരിജാതങ്ങള്‍  സമ്മാനിക്കും ഞാന്‍ മുടിയില്‍ ചൂടരുത്, കാതില്‍ വയ്ക്കരുത് അവ  നെഞ്ചോട്‌  ചേര്‍ത്ത്, നക്ഷത്രങ്ങളെ നോക്കി കിടക്കാം ഒരിക്കലും ഉണരാതെ, സുഖമായുറങ്ങാം      

ഓക്സിജൻ

ഓക്സിജനാണെന്റെ പ്രണയിനി കൊലുസുകിലുക്കാതെ, അനുവാദമില്ലാതെ അവളെന്നെ ഒരുപാട് പ്രണയിക്കുന്നു എന്റെ ഹൃദയത്തിന്റെ ഉമ്മറത്തും ധമനികളുടെ ഇടനാഴികളിലും ഞാനറിയാതെ, അവളെന്റെ സ്വപ്നങ്ങളും കണ്ടിരിക്കുന്നു നിശ്വാസമായും നെടുവീർപ്പായും കുളിരിലും വെയിലിലും ആറ്റിങ്കരയിലെ മണൽവിരിപ്പിൽ കുറച്ചൊന്നു മാറി അവളെനിക്ക് കൂട്ടിരിക്കും പക്ഷെ ഞാനവളെ ചുംബിക്കാറില്ല, അരക്കെട്ടിൽ നുള്ളാറുമില്ല കാമ്പസിന്റെ ടാറിട്ട വഴികളിൽ തൊട്ടുരുമ്മി നടക്കാറില്ല എങ്കിലും യാത്ര പറയാതെ തിരിച്ചയക്കാറുണ്ട് നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും പ്രണയിക്കാറുണ്ട്

മരണത്തെക്കുറിച്ചുള്ള വിചിത്രപുസ്തകം

മരണത്തെക്കുറിച്ചുള്ള വിചിത്രപുസ്തകമെഴുതുമ്പോൾ കൈ വിറയ്ക്കരുത്. അക്ഷരങ്ങളിലെ പാർക്കിന്സോണിസം അവർ തിരിച്ചറിഞ്ഞാൽ നീ കഴിഞ്ഞു. പേന മുറുകെ  പിടിക്കുക ആഴത്തിൽ എഴുതുക. താളുകളിൽ ദാക്ഷണ്യമില്ലാതെ മുറിവുകളേൽപ്പിക്കുക. ഓർമ്മകൾ ഓരോന്നോയി ചികഞ്ഞ് വേദനകളെ മാത്രം വാക്കുകളാക്കുക നിന്റെ പുസ്തകത്തെയോ ഒരുപക്ഷെ നിന്നെത്തന്നെയോ അവർ കത്തിച്ചേക്കാം ജാനകിയെ ഓർക്കുക അനുഗ്രഹമായി കരുതുക. മരണത്തെക്കുറിച്ചുള്ള നിന്റെ വിചിത്രപുസ്തകത്തിൽ ജീവന്റെ ഒരു വാക്കുപോലുമുണ്ടാകരുത്

ഫെയര്‍വെല്‍

ഒരിക്കലെന്റെ നെഞ്ചിലെ കനലുകള്‍ കെട്ടടങ്ങും അതിന്മേല്‍ മഞ്ഞുവീഴുകയും അതിരുന്നിടം ഘനീഭവിക്കുകയും ചെയ്യും ചുവന്നു തണുത്തൊരു കല്ലായിമാറി, അതെന്നെന്നേക്കുമായി നിശ്ശബ്ദമാകും. അപ്പോഴും ശരീരത്തിനുള്ളിൽ  എന്നോ വന്നുകൂടിയ  സൂഷ്മജീവികൾ  ശബ്ദിക്കുന്നുണ്ടാകും.  അവരെ ശല്യം ചെയ്യരുത്, ശ്രദ്ധിച്ചു കേള്‍ക്കുക. അവരെന്റെ ചിന്തകള്‍ക്കായി കടിപിടികൂടുന്നതാകും   അതിനിടയില്‍ ചിലത് മണ്ണില്‍ പതിക്കുകയും, പിന്നീടു വേരുകളാല്‍ ഭക്ഷിക്കപ്പെടുകയും ചെയ്യും.   ഒടുവില്‍ പച്ചപ്പുതപ്പണിഞ്ഞു, കൂണുകള്‍ കുടചൂടിത്തുടങ്ങുമ്പോള്‍, മണമുള്ള പൂക്കളും നക്ഷത്രങ്ങളും വിരിയുമ്പോള്‍, പങ്കിടേണ്ടതെല്ലാം പങ്കിട്ടു കഴിയുമ്പോള്‍, അപ്പോള്‍, അപ്പോള്‍ മാത്രം, നിങ്ങളെന്റെ ചിതയ്ക്ക്  തീ കൊടുക്കുക….